ശബരിമല പരമ്പരാഗത കാനന പാത പൂർണമായി അടച്ചു
എരുമേലി: ശബരിമല പരമ്പരാഗത കാനന പാത പൂർണമായി അടച്ചു. ഇനി അടുത്ത ശബരിമല സീസണിലാണ് തുറന്നു കൊടുക്കുക. ഇത്തവണത്തെ മണ്ഡല – മകരവിളക്ക് സീസണിൽ മൊത്തം 30,94,724 അയ്യപ്പഭക്തർ എരുമേലി – കോയിക്കക്കാവുവഴി പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്തെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു. അതേസമയം കാളകെട്ടി അഴുത ഭാഗത്തുള്ള പ്രവേശന വഴിയിൽകൂടി എത്തിയവരുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല. ഇത് കണക്കിലെടുത്താൽ ആറു ലക്ഷത്തിൽപരം പേർ ഇത്തവണ കാനനപാതയിൽ യാത്ര ചെയ്തെന്നാണ് അനൗദ്യോഗിക കണക്ക്. 14നാണ് പാത അടച്ചത്. അടുത്ത ദിവസങ്ങളിൽ പാതയിൽ ശുചീകരണം നടത്തും. വന സംരക്ഷണ സമിതി, ഇഡിസി കമ്മിറ്റി, വനപാലകർ തുടങ്ങിയവർ ചേർന്നാണ് ശുചീകരണം നടത്തുക. പാതയിൽ പ്രവർത്തിച്ചിരുന്ന താത്കാലിക കടകൾ പൊളിച്ചു നീക്കിതുടങ്ങി. ഇത്തവണ മഴ മൂലം ദിവസങ്ങളോളം പാതയിൽ യാത്ര നിരോധിച്ചതും രാവിലെ മുതൽ ഉച്ച വരെ മാത്രമാക്കി യാത്ര സമയം നിശ്ചയിച്ചതും മൂലം കച്ചവടം കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.