അമിത വില ഈടാക്കിയാൽ നടപടി: സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു
അമിത വില ഈടാക്കിയാൽ നടപടി: സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു
കോട്ടയം: വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിലനിലവാര അവലോകന യോഗം തീരുമാനിച്ചു. അമിത വില ഈടാക്കുന്നത് തടയും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടർ അധ്യക്ഷനായി സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നത്.
സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, കൃഷി , ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പു മേധാവികളുടെ നേതൃത്വത്തിലാണ് ജില്ലാതല സ്‌ക്വാഡ് പ്രവർത്തിക്കുക.
ജനുവരി 20നു മുൻപ് എല്ലാ വ്യാപാര സ്ഥാപനങ്ങളും മുഴുവൻ ഉത്പന്നങ്ങളുടെയും വില പ്രദർശിപ്പിക്കണം. അല്ലാത്തവർക്കെതിരേ നടപടിയെടുക്കും.
സംയുക്ത സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ താലൂക്കുതലത്തിലും പ്രത്യേക പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരേ ഉത്പന്നത്തിനു തന്നെ പല കടകളിലും പല വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ, അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു കെ. പോൾ എന്നിവർ പങ്കെടുത്തു.