പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തല്‍
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തല്‍. ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടമുണ്ടായത് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്.
എന്നാൽ, അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ബ്രേക്കിന് യാതൊരു തകരാറും ഇല്ലെന്നു കണ്ടെത്തി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൊക്കയിൽ കിടന്നിരുന്ന ബസ് ഇന്നലെ രാത്രി ഉയർത്തി റോഡിൽ എത്തിച്ചിരുന്നു.
വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് പരിശോധിക്കുന്നുണ്ട്. അപകടത്തിൽ മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ചിരുന്നു. തീര്‍ത്ഥയാത്ര കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നും തിരികെ വരുന്ന കെഎസ്ആർടിസി ബസ് ആണ് ഇന്നലെ രാവിലെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. തുടർന്ന്, വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു.