തിലകന് ജന്മനാടായ മുണ്ടക്കയത്ത് പണിതുടങ്ങിയ സ്മാരകം നിര്‍മ്മാണം ഇഴയുന്നു
മുണ്ടക്കയം: തിലകന് ജന്മനാടായ മുണ്ടക്കയത്ത് പണിതുടങ്ങിയ സ്മാരകം നിര്‍മ്മാണം ഇഴയുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സാംസ്‌കാരിക നിലയവും ഓഡിറ്റോറിയവുമാണ് മൂന്നു കോടി ചിലവിട്ട് നിര്‍മ്മിക്കുന്നത്. തിലകന് ജന്മനാട്ടില്‍ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മുണ്ടക്കയം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം നിര്‍മിക്കുവാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കെട്ടിട നിര്‍മ്മാണം ഒരു വര്‍ഷവും പത്തുമാസവും ആകുമ്പോഴും ഒരു നില പോലും പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും നിര്‍മ്മാണം മുടങ്ങിയില്ല എന്ന് അറിയിക്കുവാനെന്നോണം ഒന്നും രണ്ടും ജോലിക്കാര്‍ മാത്രമാണ് പണിയെടുക്കുന്നത്.
നിര്‍മ്മാണത്തിനായുള്ള ഒരു കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ചെലവിടേണ്ടത്. മുണ്ടക്കയത്ത് വലിയ സുഹൃത് വലയമുണ്ടായിരുന്ന തിലകന്റെ സ്മരണ എക്കാലവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ സിഎംഎസ് ഹൈസ്‌കൂളിനോടു ചേര്‍ന്നാണ് സ്മാരകം നിര്‍മ്മാണം തുടങ്ങിയത്. നിലവിലെ അവസ്ഥയില്‍ ഏപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പറയുവാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.