ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ ബോധവത്കരണം നടത്തി
ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ ബോധവത്കരണം നടത്തി
കോട്ടയം: പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി വിവിധ വിഭാഗം ജനങ്ങൾക്ക് ദുരന്തനിവാരണ ബോധവത്കരണവും പരിശീലനവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ സേനാ(എൻ.ഡി.ആർ.എഫ്.) സംഘം ജില്ലയിലെത്തി. ചെന്നൈ ആരക്കോണത്തെ എൻ.ഡി.ആർ.എഫ്. നാലാം ബെറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ഡോ. ബി.എസ്. ഗോവിന്ദ്, ഇൻസ്‌പെക്ടർ കപിൽ എന്നിവരുടെ നേതൃത്വത്തിൽ 26 സേനാംഗങ്ങളാണ് സംഘത്തിലുള്ളത്.
തിങ്കളാഴ്ച ജില്ലയിൽ എത്തിയ സംഘം പ്രകൃതിക്ഷോഭം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു. കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം ജനപ്രതിനിധികളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഈരാറ്റുപേട്ട പിണ്ണാക്കനാട്ടെ പാചകവാതക റീഫില്ലിങ് പ്ലാന്റ് സന്ദർശിച്ചു. പാചകവാതകവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ നേരിടാനുള്ള സൗകര്യങ്ങളടക്കം വിലയിരുത്തി. പൂഞ്ഞാർ എൻജിനീയറിങ് കോളജിലും കാഞ്ഞിരം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ സ്‌കൂളിലും വിദ്യാർഥികൾക്കായി ദുരന്തനിവാരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിവിധ രീതിയിലുള്ള ദുരന്തങ്ങളുണ്ടായാൽ എങ്ങനെ നേരിടണം, ജനങ്ങളെ രക്ഷപ്പെടുത്തുന്നതെങ്ങനെ, പരുക്കേറ്റവരെ രക്ഷിക്കുന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും നൽകി. ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമായുള്ള ബോധവത്കരണ-പരിശീലന പരിപാടി വ്യാഴാഴ്ച(ഡിസംബർ 19) കുമരകത്ത് നടക്കും. വെള്ളിയാഴ്ച വരെയാണ് സന്ദർശനം.
കളക്‌ട്രേറ്റിൽ എത്തിയ സംഘം ജില്ലാ കളക്ടർ ജോൺ വി. സാമുവലുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡി.എം.ഒ. ഇൻ ചാർജ് ഡോ. പി.എൻ. വിദ്യാധരൻ, ഡിവൈ.എസ്.പി. കെ.ജി. അനീഷ്, ആർ.ടി.ഒ. കെ. അജിത് കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ മനു കുര്യാക്കോസ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫീസർ വിഷ്ണു മധു, ഡി.റ്റി.പി.സി. സെക്രട്ടറി ആതിര സണ്ണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.