കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്‌ക്കൂളിലെ ബഹുനില മന്ദിരം നാടിനു സമർപ്പിച്ചു
കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്‌ക്കൂളിലെ ബഹുനില മന്ദിരം നാടിനു സമർപ്പിച്ചു
കോട്ടയം: പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസമടക്കം ലഭ്യമാക്കാനുള്ള മികച്ച സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെന്നും സംസ്ഥാനത്ത് എട്ടു ലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നുണ്ടെന്നും പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു. കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്‌ക്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് 1.01 കോടി രൂപ ചെലവിൽ നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി-വർഗവിഭാഗത്തിൽപ്പെട്ട 800 വിദ്യാർഥികൾ ലോകത്തെ വിവിധ രാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാർഥിക്ക് 25 ലക്ഷം രൂപയാണ് ഇതിനായി സർക്കാർ നൽകുന്നത്. ആദ്യ ബാച്ചിൽ പോയ 56 വിദ്യാർഥികൾക്ക് വിദേശത്ത് ജോലി ലഭിച്ചു. 76 വിദ്യാർഥികൾ കേരളത്തിൽ എം.ബി.ബി.എസിന. പഠിക്കുന്നു. ഒരു വിദ്യാർഥിക്കായി 35 ലക്ഷം രൂപ സർക്കാർ ചെലവഴിക്കുന്നത്. സിവിൽ സർവീസ് പരിശീലനമടക്കം സൗജന്യമായി ലഭ്യമാക്കുന്നു. പരമാവധി പഠനസഹായം സർക്കാർ നൽകുന്നു. അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം വീടുകളിൽനിന്നടക്കം പ്രായോഗിക ജീവിതപരിശീലനവും എല്ലാ വിദ്യാർഥികൾക്കും നൽകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 1.01 കോടി രൂപ ചെലവിലാണ് മൂന്നുനിലകളുള്ള മന്ദിരം നിർമിച്ചത്. നാലു ക്ലാസ് മുറികളും സയൻസ് ലാബും കമ്പ്യൂട്ടർ ലാബും ടോയ്‌ലറ്റ് ബ്ലോക്കുമടങ്ങുന്ന കെട്ടിടത്തിന് 582.16 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ലത സുശീലൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.റ്റി. രാകേഷ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ബി. മഞ്ജു, ബി.പി.സി. അജാസ് വാരിക്കാടൻ, ഐ.റ്റി.ഡി.പി. പ്രോജക്റ്റ് ഓഫീസർ എസ്. സജു, സബിത എസ്. വാലുങ്കൽ, എ.ജി. അജീഷ്, രാഷ്ട്രീയ കക്ഷി,മത-സാംസ്‌കാരികസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.