ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി

ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി.

എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാസ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ നേരിട്ട് നടപ്പിലാക്കുന്നു എന്ന നേട്ടവും എത്തുകയാണ്. സഞ്ചരിക്കുന്ന സംസ്ക്കരണ പാന്റിന്റെ പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചു. ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി നാട്ടുകാർ പ്ലാന്റിന്റെ പ്രവർത്തനം നേരിട്ട് കണ്ട് മനസിലാക്കാൻ എത്തിയിരുന്നു. ശബരിമല സീസണിൽ ഏത് സമയത്തും പ്ലാന്റിന്റെ സേവനം ലഭ്യമാണെന്ന് എംഎൽഎ പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കോട്ടയം ജില്ലാ ശുചിത്വ മിഷന്റെയും നേരിട്ടുള്ള ഏകോപനത്തിലാണ് പ്ലാന്റിന്റെ സേവനം എരുമേലിയിൽ ലഭ്യമാക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി നഗരസഭയിലെ മൊബൈൽ പ്ലാന്റ് ആണ് എരുമേലിയിൽ എത്തിച്ചിരിക്കുന്നത്. ഒരു തവണ ആറായിരം ലിറ്റർ ശൗചാലയ മാലിന്യം ഈ പ്ലാന്റിൽ സംസ്‌ക്കരിക്കാം. 24 മണിക്കൂർ പ്രവർത്തനം ആണ് പ്ലാന്റിൽ ക്രമീകരിച്ചിരിക്കുന്നത്. മന്ത്രി വി എൻ വാസവന്റെയും കൂടി നിർദേശ പ്രകാരം തദ്ദേശ സ്വയം ഭരണ വകുപ്പ് എരുമേലിയിൽ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് സഞ്ചരിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എരുമേലിയിൽ ഈ സീസണിൽ ലഭ്യമാക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് പ്രദേശത്തെ ശൗചാലയ കോംപ്ലക്സ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കുകയും എരുമേലി ടൗണിലും കണമല, കാളകെട്ടി, കൊരട്ടി ഉൾപ്പടെ എരുമേലിയിലെ തീർത്ഥാടന ഇടത്താവളങ്ങളിലെ മുഴുവൻ ശൗചാലയങ്ങളുടെയും തൽസ്ഥിതിവിവരങ്ങൾ സർവേ നടത്തി ലൊക്കേഷൻ മാപ്പിങ് സഹിതം ശേഖരിച്ച് വിലയിരുത്തിയിരുന്നു. സർക്കാർ ആശുപത്രി, പോലിസ് സ്റ്റേഷൻ, പോലിസ് ക്യാമ്പ്, ബസ് സ്റ്റാന്റുകൾ, ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉൾപ്പടെ മുഴുവൻ ശുചിമുറികളുടെയും സ്ഥിതിവിവരകണക്ക് ആണ് ഇതിലൂടെ സമാഹരിച്ചത്. തുടർന്നാണ് മൊബൈൽ പ്ലാന്റ് എരുമേലിയിൽ എത്തിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page