കാഞ്ഞിരപ്പള്ളി മണ്ഡലം വാഹനജാഥ ഒക്ടോബര്‍ 24, 25 തിയ്യതികളില്‍

എസ്ഡിപിഐ ജനജാഗ്രതാ കാംപയിന്‍ കാഞ്ഞിരപ്പള്ളി മണ്ഡലം വാഹനജാഥ ഒക്ടോബര്‍ 24, 25 തിയ്യതികളില്‍

കാഞ്ഞിരപ്പള്ളി:പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായുള്ള കാഞ്ഞിരപ്പള്ളി മണ്ഡലം വാഹനജാഥ ഒക്ടോബര്‍ 24, 25 തിയ്യതികളിലായി നടക്കും.

അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചുകടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പോലീസ് നേതൃത്വത്തില്‍ നടത്തുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. എഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. തന്റെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തോടൊപ്പം തന്നെ പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് നിയമപരമല്ലാത്ത സമാന്തര അന്വേഷണം അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതായും എംഎല്‍എ ആരോപിക്കുന്നു. തൃശൂര്‍ പൂരം സംഘര്‍ഷഭരിതമാക്കിയതില്‍ പോലീസിന്റെ പങ്ക് സംബന്ധിച്ച് ഘടകകക്ഷി നേതാവ് ശക്തമായ ഭാഷയില്‍ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പോലീസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്നതിന് സ്വമേധയാ കേസുകള്‍ വര്‍ധിപ്പിക്കുന്നു.
നിരവധി യുവാക്കളുടെ ജീവിതം തകര്‍ത്ത പോലീസ് ക്രൂരത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

എടവണ്ണ സ്വദേശി റിദാന്റെയും താമിര്‍ ജിഫ്രിയുടെയും കൊലപാതകത്തില്‍ പോലീസിന്റെ ഇടപെടല്‍ ദുരൂഹമാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് ദുരൂഹമാണ്. പാലക്കാടും ആലപ്പുഴയിലും നടന്ന സംഭവങ്ങളില്‍ പോലീസ് കാണിച്ച വിവേചനവും പക്ഷപാതിത്വവും നീതിബോധമുള്ളവരെ അമ്പരപ്പിക്കുന്നതാണ്. സംഘപരിവാറുകാര്‍ പ്രതികളായ കേസുകളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന സമീപനം ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. എലത്തൂര്‍ തീവെപ്പു കേസിലെ കുറ്റാരോപിതനെ ഷെഹീന്‍ ബാഗുമായി ചേര്‍ത്ത് അജിത് കുമാര്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്.

മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മുസ്ലിം ലീഗിന് കൂടുതല്‍ വോട്ട് ബാങ്കുള്ള മലപ്പുറം ജില്ലയ്‌ക്കെതിരേ പോലീസിന്റെ ആസൂത്രിത നീക്കങ്ങളുണ്ടായിട്ടും ലീഗ് നേതൃത്വം സമരരംഗത്തു വരാത്തത് നിഗൂഢമാണ്. ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനോ ജനങ്ങളെ ബോധവല്‍ക്കരിക്കാനോ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് അതുകൊണ്ടാണ്.

രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു.
ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് കാംപയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കാംപയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍, സോഷ്യല്‍മീഡിയ കാംപയിന്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അൻസാരി പത്തനാട്നയിക്കുന്ന വാഹനജാഥ ഒക്ടോബര്‍ 24ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് പത്തനാട് ടൗണിൽജില്ലാ പ്രസിഡണ്ട് മുഹമ്മദ് സിയാദ് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ജില്ല സെക്രട്ടറി നിസാം ഇത്തിപുഴ വിഷയാവതരണം നടത്തും.9മണിക്ക് നെടുംകുന്നം, 10.20ന് ഇടയരിക്കപുഴ, 11-05 ന് മണിമല, 12 – 20 പൊൻകുന്നം, 1-10 ന് കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റ്, 3.30 ന് കൂവപ്പള്ളി, 5.30ന് പട്ടിമറ്റം, 6 പിഎമ്മി ന് 26-ാമൈൽ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം വൈകുന്നേരം 6-45 ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനനം ചെയ്ത് സംസാരിക്കും.

25 ന് 4.30ന് വാഴൂർ പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന വാഹന ജാഥ യുടെ സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

കാഞ്ഞിരപ്പള്ളിയിൽ നടന്നവാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് വിഎസ് അഷറഫ്, സെക്രട്ടറി റഫീഖ് വാഴൂർ, ട്രഷറര്‍ അലി അക്ബർ, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page