അത് ജസ്‌നയല്ല, സി ബി ഐ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം, ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി പിതാവ്
അത് ജസ്‌നയല്ല, സി ബി ഐ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം, ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി പിതാവ്
കോട്ടയം : ജസ്നയുടെ തിരോധാനത്തിൽ മുണ്ടക്കയത്തെ മുൻ ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി പിതാവ് ജെയിംസ്. കേസിൽ സി.ബി.ഐ അന്വേഷണം കൃത്യമായി നടത്തുകയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും ജെയിംസ് പറഞ്ഞു.
സിസി ടിവിയിൽ കണ്ടത് ജസ്‌നയല്ലെന്ന് അന്നേ കരണ്ടെത്തിയതാണ്. അവർ പറഞ്ഞത് സത്യമാകാൻ ഒരു സാദ്ധ്യതയുമില്ല. ഒരുമാസം മുമ്പ് തനിക്ക് ഒരു ഫോൺകാൾ വന്നിരുന്നു. കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു. തനിക്കൊപ്പം സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ അവർക്കരികിലേക്ക് പറഞ്ഞു വിട്ടിരുന്നു, അതിൽ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്‌ജിൽ കണ്ടെന്നായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു ലോഡ്‌ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ‘രാവിലെ പതിനൊന്നരയോടെയാണ് പെൺകുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. ടെസ്റ്റ് എഴുതാൻ പോകുവാണെന്നും കൂട്ടുകാരൻ വരാനുണ്ടെന്നും അതിനാലാണ് അവിടെ നിൽക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്പർ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും’ -എന്നാണ് മുൻ ജീവനക്കാരി പറഞ്ഞത്. സിബിഐ തന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു.