കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രാത്രികാല സേവനത്തിനുള്ളത് ഒരു ഡോക്ടര്‍ മാത്രം .രോഗികള്‍ വലയുന്നു.
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിലുള്ളത് ഒരു ഡോക്ടർ മാത്രം. എന്നാൽ, ചികിത്സ തേടിയെത്തുന്നതാകട്ടെ മുന്നൂറിലധികം രോഗികളും. ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളും ഡോക്ടറും ദുരിതത്തിൽ. അമിത ജോലി ഭാരമാണ് രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അനുഭവിക്കുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ രാത്രി ചികിത്സ തേടി എത്തുന്നവർ ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരുന്നു. മൂന്നു ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തിൽ ആകെ വേണ്ടത് ആറ് ഡോക്ടർമാരാണ്. എന്നാൽ, ഇതിനായി നിലവിൽ നാലു ഡോക്ടർമാർ മാത്രമാണുള്ളത്. അതിനാൽ ഇവർക്ക് അവധി എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. രോഗികളെ കാണുന്നതിനൊപ്പം അപകടങ്ങളിൽ പറ്റിയെത്തുന്നവരെയും പോലീസ് മെഡിക്കല്‍ കേസുകളെടുക്കുന്നതും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ തന്നെയാണ്. അപകടങ്ങളില്‍പ്പെട്ടെത്തുന്നവരുടെ മുറിവ് തുന്നിക്കെട്ടല്, മരുന്ന് വയ്ക്കല്‍, നിരീക്ഷണം തുടങ്ങിയവയെല്ലാം പരിമിത സാഹചര്യത്തില്‍നിന്ന് ഒരു ഡോക്ടര്‍ തന്നെ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. വലിയ കേസുകളെത്തിയാല്‍ മെഡിക്കല്‍ കോളജിലേക്കു പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്.