എരുമേലി ടൗണ്‍ പരിസരങ്ങളിലും പ്രധാന ശബരിമല പാതയിലും കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു
എരുമേലി: മണ്ഡലകാലത്തിലെ എരുമേലിയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം അധികാരികള്‍ ആരംഭിച്ചു
കഴിഞ്ഞ ശബരിമല സീസണില്‍ എരുമേലിയില്‍ നേരിട്ട അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം. ഇതേതുടര്‍ന്ന് എരുമേലി ടൗണ്‍ പരിസരങ്ങളിലും പ്രധാന ശബരിമല പാതയിലും കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. ആറ് ഏക്കര്‍ സ്ഥലം ഇതിനായി വേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എരുമേലി ടൗണ്‍ പരിസരത്ത് ഭവന നിര്‍മാണ ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിന് പരിഗണിച്ചെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഈ സ്ഥലം വികസന പദ്ധതികള്‍ക്കു വിട്ടുകിട്ടാന്‍ സംസ്ഥാന റവന്യു അസംബ്ലിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് റവന്യു മന്ത്രി മറുപടി അറിയിച്ചിരുന്നു. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെയും മുസ്ലിം ജമാഅത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉള്‍പ്പടെ ഒരു ഡസനോളം ചെറുതും വലുതുമായ ഗ്രൗണ്ടുകളാണ് എരുമേലി ടൗണിലും പരിസരത്തും പാര്‍ക്കിംഗിനുള്ളത്. എന്നാല്‍, ഈ സൗകര്യങ്ങള്‍ പരിമിതമാണ്. ശബരിമല സീസണില്‍ വിവിധയിടങ്ങളില്‍ വാഹന പാര്‍ക്കിംഗ് സൗകര്യം ക്രമീകരിക്കാനാണ് നീക്കം.മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഒരു ദിവസം രണ്ടായിരം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറുതും വലുതുമായ വിവിധ സ്ഥലങ്ങള്‍ കണ്ടെത്താനാണ് അധികൃതരുടെ ശ്രമം.