വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍
വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍.
മുണ്ടക്കയം : വിദേശത്ത് ജോലിക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബസാര്‍ റോഡില്‍ എച്ചിക്ക എന്ന് വിളിക്കുന്ന അനീഷി (40) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം വഴി പൊന്തന്‍പുഴ സ്വദേശിനിയായ വീട്ടമ്മയ്ക്ക് യുകെയില്‍ ജോലിക്കായി വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരില്‍ നിന്നും പലപ്പോഴായി 14 ലക്ഷത്തോളം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മക്ക് ഇവര്‍ വ്യാജ വിസ നല്‍കി കബളിപ്പിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഈ കേസിലെ മുഖ്യപ്രതിയായ സ്ഥാപന ഉടമയെ പിടികൂടുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഈ കേസില്‍ ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചതിനാണ് സ്ഥാപനത്തിലെ ജീവനക്കാരനായ അനീഷിനെ അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്റ്റേഷന്‍ എസ്.ഐ വിപിന്‍,സി.പി.ഓ മാരായ നൂറുദ്ദീന്‍, അജീഷ് മോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി