നിറയെ കുഴികള്‍.. ശാപമോക്ഷം തേടി പാറത്തോട് വേങ്ങത്താനം റോഡ്
പാറത്തോട് വേങ്ങത്താനം റോഡിന്റെ ശോചനീയാവസ്ഥ
പരിഹരിക്കണം
കാഞ്ഞിരപ്പള്ളി: പാറത്തോട് പാലപ്ര വേങ്ങത്താനം റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സഞ്ചാരയോഗ്യമല്ലാത്തവിധം റോഡിൽ വലിയ കയറ്റവും ഇറക്കവും വളവുകളും ഉണ്ട്. ചിറ ഭാഗം മുതൽ പാലപ്ര ടോപ്പ് വരെയുള്ള ഭാഗങ്ങളിൽ മഴ ശക്തമായതോടെ കുഴികൾ വലുതായി. പാലപ്ര അമ്പലവളവിൽ റോഡിന് നടുവിൽ രൂപപ്പെട്ട വലിയ കുഴികൾ കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയായി. വിദ്യാർത്ഥികളും നാട്ടുകാരും തൊഴിലാളികളും നിത്യേന ഉപയോഗിക്കുന്ന റോഡാണിത്. സർവീസ് ബസുകൾ കുറവായ മലയോരമേഖലയിലെ ചെറുപാതകൾ മിക്കതും തകർന്നുകിടക്കുന്നതിനാൽ പ്രദേശവാസികളുടെ യാത്രാക്ലേശം രൂക്ഷമാണ്. പേരിനുവേണ്ടി ചെയ്യുന്ന അറ്റകുറ്റപ്പണികൾ മൂലം റോഡ് കൂടുതൽ തകരുകയാണെന്നും ആക്ഷേപം ഉയരുന്നു. വഴി മോശമായതിനാൽ ഓട്ടോറിക്ഷകളും ടാക്സികളും ഓട്ടം വിളിച്ചാൽ വരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.