കൊട്ടാരക്കര – ദിണ്ഡികൽ ദേശീയ പാതയിൽ പെരുവന്താനം ചുഴുപ്പിനു സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു
പെരുവന്താനം: കൊട്ടാരക്കര – ദിണ്ഡികൽ ദേശീയ പാതയിൽ പെരുവന്താനം ചുഴുപ്പിനു സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പെരുവന്താനത്തിനും ചുഴുപ്പിനുമിടയിൽ മൂന്നു സ്ഥലങ്ങളിലാണ് റോഡ് വിണ്ടുകീറിയിരിക്കുന്നത്. കനത്ത മഴയിൽ റോഡിലൂടെ വെള്ളം ഒഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതാണ് റോഡ് വിണ്ടു കീറാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ഓടകളുടെ അഭാവം മൂലം മഴപെയ്യുമ്പോൾ റോഡിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. റോഡിൽ വിള്ളൽ രൂപപ്പെട്ടതോടെ അധികൃതരെത്തി റോഡിന്റെ വശങ്ങളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള താത്കാലിക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയുടെ ഭാഗമായ റോഡിനു തകരാർ സംഭവിച്ചാൽ ഇടുക്കി ജില്ലയിലേക്കുള്ള വാഹനഗതാഗതത്തെ സാരമായി ബാധിക്കും. കഴിഞ്ഞദിവസം ദേശീയപാതയിൽ പീരുമേടിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.. കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലാണ് പെരുവന്താനത്തിനും കുട്ടിക്കാനത്തിനുമിടയിൽ ഉണ്ടായിരുന്നത്. ചുഴുപ്പിനു സമീപം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്നു ദേശീയപാത വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ചു. നിലവിൽ അപകടസാധ്യത ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.