തോട്ടത്തിലെ കിണറ്റിൽ വീണ യുവാക്കളെ ഫയർഫോഴ്സ് രക്ഷിച്ചു
കാഞ്ഞിരപ്പള്ളി: റബർ മരങ്ങൾക്ക് മഴമറയിടുന്ന ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിലെ കിണറ്റിൽ വീണ യുവാക്കളെ ഫയർഫോഴ്സ് രക്ഷിച്ചു. കുളപ്പുറം ഒന്നാം മൈൽ തോമ്പിലാടി ബിനു പീറ്റർ (39), പനച്ചേപ്പള്ളി പുതുക്കുളംപറമ്പിൽ സുധി (38) എന്നിവരാണ് കിണറ്റിൽ വീണത്. തലയ്ക്ക് പരിക്കേറ്റ ബിനുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഐസിഐസിഐ ബാങ്കിന് സമീപം പാറമട റോഡരികിൽ കോൺവെന്‍റ് വക തോട്ടത്തിലെ 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. കാടുപിടിച്ചുകിടന്ന തോട്ടത്തിൽ ഭാഗികമായി മാത്രം ചുറ്റുമതിലുള്ള കിണറ്റിൽ ബിനുവാണ് ആദ്യം വീണത്. കയറിട്ടു കൊടുത്തു ബിനുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്‍റെ തിട്ടയിടിഞ്ഞ് സുധിയും കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും സുധി കയറിലൂടെ കരയ്ക്കു കയറിയിരുന്നു. കല്ലുവീണ് തലയിൽ പരിക്കേറ്റ ബിനുവിനെ ഫയർ ഫോഴ്സ് കരയ്ക്കു കയറ്റി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.