പ്രഥമം പ്രതിരോധം-ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ യജ്ഞം; മേയ് 27 മുതൽ ജൂൺ 21 വരെ
ചിത്രം. പ്രതീകാത്മകം
പ്രഥമം പ്രതിരോധം-ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ യജ്ഞം; മേയ് 27 മുതൽ ജൂൺ 21 വരെ
കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ തടയുന്നതിനു മേയ് 27 മുതൽ ജൂൺ 21 വരെ ഊർജ്ജിത രോഗ പ്രതിരോധ നടപടി ‘
പ്രഥമം പ്രതിരോധം’ എന്ന പേരിൽ നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ. എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ജില്ലാ രോഗ നിരീക്ഷണ ഓഫീസർ ഡോ. ജെസ്സി സെബാസ്റ്റ്യൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
മഴ കനത്തതോടെ ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുടെന്നാണ് ജില്ലാ രോഗ നിരീക്ഷണ സെൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ വർധിക്കാതിരിക്കാൻ ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് ‘പ്രഥമം പ്രതിരോധം’ നടപ്പാക്കുക.
പരിപാടിയുടെ ഭാഗമായി കൊതുക് ഉറവിട നിർമാർജ്ജനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കും.
മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന് മേയ് 27, 28 തീയതികളിൽ പൊതു, സ്വകാര്യ കിണറുകൾ ഉൾപ്പെടെ എല്ലാ കുടിവെള്ള സ്രോതസുകളും പൊതുജന പങ്കാളിത്തത്തോടെ ക്ലോറിനേറ്റ് ചെയ്യും. സ്വകാര്യ കിണറുകൾ വീട്ടുകാരുടെ കൂടി സഹകരണത്തോടെയായിരിക്കും ക്ലോറിനേറ്റ് ചെയ്യുക. വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും.
ജൂൺ 1, 3,4 തീയതികളിൽ കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി തൊഴിലിന്റെ ഭാഗമായി മലിനജല സമ്പർക്കം പുലർത്തുന്നരുടെ വീട്ടിലെത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ വിതരണം ചെയ്യും. ആശാ പ്രവർത്തകരായിരിക്കും ഗുളിക വിതരണം നടത്തുക.
ഡെങ്കിപ്പനി പ്രതിരോധത്തിനായി സ്കൂൾ, വീട്, ജോലിസ്ഥലങ്ങൾ, കൈതച്ചക്ക, റബ്ബർ തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിടനിർമ്മാർജ്ജനം നടത്തും. മേയ് 29, ജൂൺ 5,12,19 തീയതികളിൽ സ്കൂളുകൾ, മേയ് 30, ജൂൺ 6,13,20 തീയതികളിൽ ജോലിസ്ഥലങ്ങൾ, തോട്ടങ്ങൾ, – മേയ് 31, ജൂൺ 7,14,21 തീയതികളിൽ വീടുകൾ എന്നിങ്ങനെയായിരിക്കും കൊതുകു നിർമാർജ്ജനം നടത്തുക.
കുഞ്ഞുങ്ങൾക്ക് വയറിളക്കമുണ്ടായാൽ ഒ.ആർ.എസ് ചികിത്സ ഉറപ്പുവരുത്തുന്നതിനായി അഞ്ചുവയസ്സുവരെയുള്ള കുട്ടികൾ ഉള്ള എല്ലാ വീടുകളിലും ഓ.ആർ.എസ് പാക്കറ്റുകൾ എത്തിച്ചു നൽകും. കൂടാതെ ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ഒ.ആർ.എസ് ഡിപ്പോകളായി കരുതി കൈവശം ആവശ്യത്തിന് കരുതൽ ഒ.ആർ.എസ് പാക്കറ്റ്കൾ സൂക്ഷിക്കും. ഒ.ആർ.എസ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും, വിധവും കുട്ടികളെ പഠിപ്പിക്കുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും.
കോട്ടയം ചലഞ്ജ് എന്ന മൊബൈൽ അപ്ലിക്കേഷൻ
ഡൌൺലോഡ് ചെയ്യണം
പ്രാദേശികതലത്തിൽ നടക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ തയ്യാറാക്കിയ ‘Kottayam challenge’ എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കും. വിവിധ ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കടകൾ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇതര സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവർ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മേയ് 27 മുതലുള്ള ഓരോ ആഴ്ചയും തങ്ങൾ ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം. ശുചീകരണ പ്രവർത്തനം ചെയ്യുന്നതിന് മുൻപും ശേഷവുമുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഏറ്റവും നന്നായി പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും, വിവിധ സ്ഥാപനങ്ങൾക്കും ജില്ലാ തലത്തിൽ അവാർഡ് നൽകും.
പ്രഥമം പ്രതിരോധം 3.0
പ്രവര്‍ത്തന കലണ്ടര്‍ (2024 മേയ് 27 – ജൂൺ 21)
1. ക്ലോറിനേഷന്‍ – മെയ് 27, 28
2. ഡോക്സി സൈക്ലിന്‍ വിതരണം – ജൂൺ 1, 3,4
3. ഉറവിടനിര്‍മ്മാര്‍ജ്ജനം -മെയ് 29, ജൂൺ 5,12,19 സ്കൂളുകളില്‍
-മെയ് 30, ജൂൺ 6,13,20 ജോലിസ്ഥലങ്ങൾ, തോട്ടങ്ങൾ,
– മെയ് 31, ജൂൺ 7,14,21 വീടുകളില്‍