സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
ലോണിന്റെ പേരിൽ പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.
മുണ്ടക്കയം : സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി (39) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഇയാളിൽ നിന്നും 32500 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ ഫൈനാൻസ് കമ്പനിയുടെ സ്റ്റാഫാണെന്നുപറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് മുഖേന ഇയാൾ ബന്ധപ്പെടുകയും 50000 രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസ് മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും പറഞ്ഞ് യുവാവിൽ നിന്നും ഇയാള്‍ പലതവണകളിലായി 32500 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ലോൺ ലഭിക്കാതെയും, പണം തിരികെ ലഭിക്കാതെയുമിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് ചെന്നതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രൻ, എസ്.ഐ മനോജ് കെജി, എസ്.സി.പി.ഓ ജോഷി എം തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു .