സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുരിക്കോലിൽ ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന മനാഫ് കെ. എ (35) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തിടനാട് സ്വദേശിയും തന്റെ സുഹൃത്തുമായ യുവാവുമായി ചേർന്ന് അമ്പാറ ഭാഗത്ത് വെച്ച് മദ്യപിക്കുകയും, തുടർന്ന് യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന മാലയുമായി ഇയാൾ കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ജിബിൻ തോമസ്, അലക്സ്, സി.പി.ഓ മാരായ ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ്, രാഹുൽ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മനാഫ് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.