എരുമേലി സമഗ്ര ജല വിതരണ പദ്ധതി ഇനി മണിമല പഞ്ചായത്തിലേക്കും

എരുമേലി : ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും വെള്ളം നൽകാനുള്ള എരുമേലി സമഗ്ര ജല വിതരണ പദ്ധതി ഇനി മണിമല പഞ്ചായത്തിലേക്കും. 13 കോടി രൂപയാണ് ഇതിന് ഫണ്ട് ചെലവിടുന്നത്. മണിമല പഞ്ചായത്തിലെ മുക്കട, പൊന്തൻപുഴ, ചാരുവേലി ഉൾപ്പടെ മൊത്തം പൈപ്പ് ലൈൻ 42 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കാനുള്ള ജോലികൾ അന്തിമ ഘട്ടത്തിലായി. ഇനി ഒമ്പതര കിലോമീറ്റർ ദൂരം കൂടി പൈപ്പ് ലൈൻ സ്ഥാപിക്കാനുണ്ട്. 21 മീറ്റർ ഉയരവും മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതുമായ ഉപരിതല ടാങ്കിന്റെ നിർമാണം ആരംഭിച്ചിട്ടില്ല. ഇത് പൂർത്തിയാകുന്നതോടെ ജല വിതരണത്തിലേക്ക് കടക്കാനാകും. ടാങ്ക് നിർമാണത്തിന് ആറ് മാസമമെങ്കിലും വേണ്ടി വരുമെന്നതിനാൽ അടുത്ത വേനൽ കാലത്താണ് പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്ക് ഉറപ്പാവുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ ലൈനിൽ മൊത്തം മൂവായിരത്തോളം കണക്ഷനുകൾ നൽകാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിലവിൽ 1500 ൽ പരം കണക്ഷനുകൾക്ക് നടപടികളായിട്ടുണ്ട്. എരുമേലിയിലെ പൊരിയന്മല ടാങ്കിൽ നിന്നാണ് പൈപ്പ് ലൈൻ ആരംഭിക്കുന്നത്. ഇതുവഴി എരുമേലി പഞ്ചായത്തിലെ കനകപ്പലം, കരിമ്പിൻതോട് ഭാഗത്ത്‌ എത്തി വന പാതയിലൂടെ മണിമല പഞ്ചായത്തിലെ മുക്കട പത്ത് സെന്റ് കോളനി, വളകൊടിചതുപ്പ്, പൊന്തൻപുഴ എന്നിവിടങ്ങളിൽ എത്തുന്ന വിധമാണ് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page