യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
മണിമല : വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) രാജു എന്ന് വിളിക്കുന്ന പ്രസീദ്. ജി (52) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ യുവാവിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവുമായി പരിചയത്തിലുള്ള സാബു ദേവസ്യ കഴിഞ്ഞദിവസം (13.04.2024) രാവിലെ 09.30 മണിയോടുകൂടി യുവാവിനെ തന്റെ സ്കൂട്ടറിൽ കയറ്റി മണിമല ബസ്റ്റാൻഡിൽ എത്തിയതിനു ശേഷം, ഇവിടെനിന്നും ബസ്സിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകുകയും, ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ മുഖത്തിനും,കഴുത്തിനും,ശരീരത്തും സാരമായി പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബു ദേവസ്യക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇത്തരത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു. മാർച്ച് മാസം മുപ്പതാം തീയതി സമാനമായ രീതിയിൽ യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ വനത്തിൽ എത്തിച്ചുവെങ്കിലും അന്ന് കൊലപാത ശ്രമം നടത്താൻ സാധിച്ചില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ് കെ.പി, എസ്.ഐ മാരായ സെൽവരാജ് ടി.ടി , അനിൽകുമാർ വി.പി, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, രാജീവ്. ആർ, ടോമി സേവിയർ, സജിത്ത്, ബിജേഷ് ബി.കെ, സുനീഷ്, ജസ്റ്റിൻ ജോർജ്, സലിം കുട്ടി, രാജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളിൽ ഒരാളായ പ്രസീദിന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.