ജില്ലയിൽ പോളിങ് ജോലിക്ക് 9396 ജീവനക്കാരെ നിയോഗിച്ചു

ജില്ലയിൽ പോളിങ് ജോലിക്ക്
9396 ജീവനക്കാരെ നിയോഗിച്ചു

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജോലിക്ക് ഉദ്യോഗസ്ഥരെ കോട്ടയം ജില്ലയിൽ നിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ആദ്യഘട്ട റാൻഡമൈസേഷനിലൂടെ 9396 ജീവനക്കാരെയാണ് ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. 2349 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 4698 പോളിങ് ഓഫീസർമാരെയും നിയോഗിച്ചു. ഓർഡർ സോഫ്റ്റ്‌വേറിലൂടെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചാണു പോളിങ് ഡ്യൂട്ടിക് ഉദ്യോഗസ്ഥരെ നിയോഗിച്ചത്.
ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഓഫീസ് മേധാവികൾ ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണം എന്ന് ജില്ലാകളക്ടർ അറിയിച്ചു.
കളക്‌ട്രേറ്റിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ അജി ജേക്കബ് കുര്യൻ, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയി ജോസഫ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, പരിശീലനത്തിന്റെ നോഡൽ ഓഫീസർ നിജു കുര്യൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page