കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു
ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കരവാളൂർ ഭാഗത്ത് മംഗലത്ത് വീട്ടിൽ ജയകുമാർ (52) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2006 ൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് സ്വകാര്യ ബസ് ഡ്രൈവറെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, സി.പി.ഓ മാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.