മലയോര പട്ടയം : മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ആലോചനയോഗം.

മലയോര പട്ടയം : മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ആലോചനയോഗം.

മുണ്ടക്കയം: എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ 7000 ത്തിലധികം ചെറുകിട നാമമാത്ര ഭൂഉടമകളുടെ പട്ടയം ലഭ്യമാക്കണമെന്ന അപേക്ഷകളിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ച് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും പ്രസ്തുത മേഖലകളിലെ സംഘടനാ നേതാക്കളുടെയും ഒരു ആലോചന യോഗം 28-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാളിൽ ചേരും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ശ്രീകല, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് , കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിആർ അനുപമ, ശുഭേഷ് സുധാകരൻ, മറ്റ് ജനപ്രതിനിധികൾ വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഹിൽമൺ സെറ്റിൽമെന്റ് ഏരിയയിൽ നിലവിലുണ്ടായിരുന്ന വിവിധ പ്രകാരങ്ങളിലുള്ള തടസ്സങ്ങൾ ഇതിനോടകം ഒരു പരിധിവരെ പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന റവന്യൂ വകുപ്പ് നേതൃത്വം കൊടുക്കുന്ന പട്ടയ മിഷനിൽ ഉൾപ്പെടുത്തി പുഞ്ചവയൽ, മുരിക്കും വയൽ , പാക്കാനം, 504, കുഴിമാവ്, പുലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള കൈവശ ഭൂമിക്കാർക്ക് പട്ടയം നൽകുന്നതിനുവേണ്ടി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവൺമെന്റിന്റെ സജീവ പരിഗണനയിലാണ്. പരമാവധി വേഗത്തിൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ ക്രമപ്പെടുത്തുന്നതിനും, ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിട്ടുള്ളത് എന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page