നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു
നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു.
മുണ്ടക്കയം : സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിലും , കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവിലും പ്രവർത്തിക്കുന്ന നവീകരിച്ച പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളും കാലപ്പഴക്കത്താൽ ജീർണാവസ്ഥ മൂലം പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ ഹോസ്റ്റലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വസ്ത്രം, ഭക്ഷണം, പഠനോപാധികൾ, ചികിത്സാ സൗകര്യങ്ങൾ ഇവയൊക്കെ സർക്കാർ സൗജന്യമായി നൽകും . ഹോസ്റ്റലുകളുടെ ജീർണ്ണാവസ്ഥ പരിഹരിക്കുന്നതിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സമർപ്പിച്ച പദ്ധതി പ്രകാരം കുഴിമാവ് പ്രീമെട്രിക് ഹോസ്റ്റൽ നവീകരിക്കുന്നതിന് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും 27,45,000 രൂപയും, പുഞ്ചവയൽ പ്രീമെട്രിക് ഹോസ്റ്റൽ നവീകരിക്കുന്നതിന് 24,17,800 അനുവദിച്ചത് വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച് ഹോസ്റ്റലുകൾ വിദ്യാർഥിനികൾക്ക് താമസിക്കുന്നതിന് സജ്ജമാക്കിയത്.
ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ
രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാൻസി സി.എം, സുലോചന സുരേഷ്,സിനിമോള്‍ തടത്തിൽ, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ ജോളിക്കുട്ടി കെ.ജി, പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരായ അഞ്ചു എസ് നായർ, ജയേഷ് കെ.വി, അജി പി തുടങ്ങിയവരും സ്ഥാപന പ്രതിനിധികളായ ശ്രീജ തങ്കപ്പൻ, അർച്ചന പി രാജ്, മദന മോഹനൻ, സീതാലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.