കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഫോട്ടോഗ്രാഫർ മരിച്ചു
കടുത്തുരുത്തി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഫോട്ടോഗ്രാഫർ മരിച്ചു. ഏറ്റുമാനർ- എറണാകുളം റോഡിൽ കുറുപ്പന്തറ ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി മണ്ണാർക്കയം പൂണത്തിൽ വീട്ടിൽ നിധിൻ പി.പ്രകാശ് (23) ആണ് മരിച്ചത്. സഹയാത്രികൻ പൊൻകുന്നം തലച്ചിറ വീട്ടിൽ സന്തോഷിൻ്റെ മകൻ കണ്ണൻ(21) സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചേർത്തലയിൽനിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കാറും കുറുപ്പന്തറ ജങ്ഷനിൽ കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തലയിൽ കല്യാണത്തിന്റെ
ജോലികൾ കഴിഞ്ഞശേഷം തിരിച്ചു പോരുകയായിരുന്ന ഉഴവൂർ ആൽബം ഡിസൈനിങ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർമാരായ നിധിനും കണ്ണനും സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റവരെ സമീപവാസികളും കാർ യാത്രക്കാരും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ നിധിൻ പ്രകാശ് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മരിച്ചത്.
കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു. പ്രകാശാണ് മരിച്ച നിധിന്റെ പിതാവ്. അമ്മ: മിനി.
സഹോദരങ്ങൾ: നിമിഷ, നിജിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11- ന് വീട്ടുവളപ്പിൽ