ശബരിമല വിമാനത്താവളത്തിന്റെ റൺവെയുടെ അതിർത്തി നിർണയം പൂർത്തിയായി
എരുമേലി: ശബരിമല വിമാനത്താവളത്തിന്റെ റൺവെയുടെ അതിർത്തി നിർണയം പൂർത്തിയായി. നിലവിൽ പദ്ധതി വിഭാവനംചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലുമാണ് അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തിയത്. ജനവാസ മേഖലയിലെ 165 ഏക്കർ ഭൂമിയാണ് റൺവെ നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടി വരികയെന്നാണ് അന്തിമ അതിർത്തി നിർണയത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങൾ ബന്ധിപ്പിച്ചാണ് റൺവേ നിർമ്മാണം പ്ലാൻ ചെയ്യുന്നത്. റൺവേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കൽക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമാണ്.
ശബരി വിമാനത്താവള പദ്ധതിക്കായി സർക്കാർ ആദ്യം നോട്ടിഫൈ ചെയ്തത് 307 ഏക്കറാണ്. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അതിർത്തി നിർണയം പൂർത്തിയായതിന് പിന്നാലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് പൂർണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർപ്രഖ്യാപനം.
അതേസമയം, അതിർത്തി നിർണയം പൂർത്തിയായാലും പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. പാരിസ്ഥിതികാനുമതി ഉൾപ്പെടെ കേന്ദ്ര അനുമതികൾ ഇനിയും ലഭിക്കാനുണ്ട്.