മുണ്ടക്കയം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സില്‍ അവകാശവാദവുമായി ഇരുവിഭാഗം.വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ്
മുണ്ടക്കയം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം
കോണ്‍ഗ്രസ്സില്‍ അവകാശവാദവുമായി ഇരുവിഭാഗം.വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ്
മുണ്ടക്കയം: മുണ്ടക്കയം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്
കോണ്‍ഗ്രസ്സില്‍ അവകാശവാദവുമായി ഇരുവിഭാഗം രംഗത്തെത്തി.മുന്‍ പ്രസിഡന്റ് റോയി കപ്പിലുമാക്കല്‍ പ്രസിഡന്റായി തുടരണമെന്ന് അവകാശവാദമുന്നയിക്കുമ്പോള്‍ ആന്റോ ആന്റണി എം പി യുടെ ആശിര്‍വാദമുള്ള മറുവിഭാഗം മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും മുൻ മണ്ഡലം പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ ചുള്ളിത്തറയുടെ പേരാണ് നിര്‍ദ്ദേശിക്കുന്നത് ഇനി ഇദ്ദേഹത്തിന് മത്സരിക്കുവാനാകില്ലെന്നും രണ്ടരവര്‍ഷമെങ്കിലും പ്രസിഡന്റ് സ്ഥാനം വേണമെന്നുമാണ് ഇവര്‍ കടുത്ത നിലപാട് എടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ്സിലെ ഭിന്നത രൂക്ഷമായിരുന്നു.തര്‍ക്കങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ഏഴുദിവസം മുമ്പ് മാത്രമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായത്. മുന്‍ പ്രസിഡന്റ് തന്റെ പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുവാന്‍ വേണ്ടി തന്നെ പിന്തുണയ്ക്കുന്നവരെ മാത്രം രംഗത്തിറക്കുവാന്‍ ശ്രമിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുന്നതിന് കേരളാ കോണ്‍ഗ്രസ്സിനെയും ലീഗിനെയും പാട്ടിലാക്കിയ ഇദ്ദേഹം പാര്‍ട്ടിക്കു വേണ്ടി കൊടിപിടിക്കുന്ന മുണ്ടക്കയത്തെ നൂറ് കണക്കിന് വനിതാ പ്രവര്‍ത്തകരെ അവഗണിച്ച് സംഘടനാ രംഗത്തില്ലാത്ത ഒരു വീട്ടമ്മയെ സ്ഥാനാര്‍ത്ഥിയാക്കിയതും പ്രതിക്ഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു. കേവലം സര്‍വ്വീസ് സഹകരണ ബാങ്ക് അധികാര സ്ഥാനത്തിന് അപ്പുറം ഈ തര്‍ക്കത്തില്‍ മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് സ്ഥാനം,ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയവയിലെല്ലാം ചര്‍ച്ചയും ഉറപ്പുകളുമെല്ലാം ഉണ്ടാകുവാനും സാധ്യതയുണ്ട്.ബുധനാഴ്ച പതിനൊന്ന്് മണിക്കാണ് ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് .അതേ സമയം തങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും രംഗത്തുവന്നിട്ടുണ്ട്.