ബസ്സുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: ബസ്സുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുഞ്ഞാലിമൂട് ഭാഗത്ത് ചെറുകോട് വീട്ടിൽ മുരുകൻ (51), കൊട്ടാരക്കര പുത്തൂർ അനന്തു ഭവനം വീട്ടിൽ സത്യശീലൻ പിള്ള (59), കോട്ടയം പെരുമ്പായിക്കാട് പറയരത്തു വീട്ടിൽ സുജി (55), എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നം ഭാഗത്ത് പുതുക്കാട്ടുതറ വീട്ടിൽ റെജി ജോർജ് (51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ബസ്സിന്റെ പിൻവാതിലൂടെ കയറാൻ ശ്രമിക്കുന്നതിനിടയിൽ ഇടക്കുന്നം സ്വദേശിയായ ഗ്രഹനാഥന്റെ 18000 രൂപാ വിലവരുന്ന മൊബൈൽ ഫോണും, എ.ടി.എം കാർഡും മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തുടർന്ന് നടത്തിയ പരിശോധനയിൽ സമീപപ്രദേശങ്ങളിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. സംഘം ചേർന്ന് ബസ്സുകളിൽ കയറി ബസ്സിൽ അനാവശ്യ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. സത്യശീലൻ പിള്ളയ്ക്ക് പെരിനാട്, ആറ്റിങ്ങൽ പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണം കേസുകളും, സുജിക്ക് ഗാന്ധിനഗർ, എറണാകുളം റെയിൽവേ പി.എസ്സിലും, റെജി ജോർജിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും മോഷണ കേസുകളും നിലവിലുണ്ട്.കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ മാരായ ബേബി ജോൺ, ഗോപകുമാർ, എ.എസ്.ഐ ബേബിച്ചൻ, സി.പി.ഓ മാരായ വിമൽ, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.