ഉരുള്‍ പൊട്ടലിന് കാരണമായതായി പരാതി.കൂട്ടിക്കലിലെ പാറഖനനം സംബന്ധിച്ച് പരിശോധന നടത്തുവാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) നിര്‍ദേശം.

കൊച്ചി: കോട്ടയം ജില്ലയിലെ കൂട്ടിക്കലും രാമപുരത്തുമുള്ള അനധികൃത ചെങ്കല്‍, പാറഖനനം സംബന്ധിച്ച് ഉന്നതതല സമിതി നേരിട്ടു പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) നിര്‍ദേശം.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ജില്ലാ കലക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. പാലക്കാട് സ്വദേശി റീന വര്‍ഗീസ് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ജി.ടി. സ്വമേധയാ കേസെടുക്കുകയായിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ജില്ലാ കലക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ എന്നിവരെ സ്വമേധയാ കേസില്‍ കക്ഷികളാക്കിയിട്ടുണ്ട്.

പെരിയാര്‍ കടുവാ സങ്കേതത്തിനോടു ചേര്‍ന്ന പ്രദേശത്തു പാറഖനനം നടക്കുന്നതായി പരാതിയില്‍ പറയുന്നു. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തുകളിലായി 17 ക്വാറികളുണ്ട്. ഉരുള്‍പൊട്ടലിനു കാരണം ക്വാറികളാണെന്നും പരാതിയില്‍ പറയുന്നു. മലയുടെ ആറേഴു കിലോമീറ്റര്‍ ചുറ്റളവിലാണു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറികള്‍ തുടങ്ങിയതോടെ മഴയെ താങ്ങാനുള്ള ശേഷി പശ്ചിമഘട്ടത്തിന് ഇല്ലാതായി. 8,000 അടി ഉയരമുള്ള മലയിലെ മരങ്ങളെല്ലാം വെട്ടി റോഡ് നിര്‍മിച്ചു. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തണം. ഇനിയും പല പ്രദേശങ്ങളും ഉരുള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, ഇളംകാട്-വാഗമണ്‍ റോഡ്, പ്ലാപ്പള്ളി, മുക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കൊടുങ്ങയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തിനു ചുറ്റുമായി മാത്രം രണ്ടുക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018 ലെ പ്രളയത്തില്‍ മേഖലയില്‍ വ്യാപകമായ ഉരുള്‍പൊട്ടലും നാശനഷ്ടങ്ങളും സംഭവിച്ചതോടെ, ക്വാറി പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിയതു പുനഃരാരംഭിച്ചിട്ടുണ്ട്.

അതീവ പരിസ്ഥിതിലോല പ്രദേശമാണ് കൂട്ടിക്കല്‍. നിരവധി മലകള്‍ ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഒരിടത്തു പാറപൊട്ടിക്കുന്നതു മറ്റു മലകളുടെ ഘടനയെ ബാധിക്കുകയും മണ്ണ് ഇളകുകയും ചെയ്യും. ഉരുള്‍പൊട്ടലിനു മണ്ണിന്റെ ഘടനയും മലയുടെ ചെരിവുമെല്ലാം പ്രധാന കാരണമാണ്. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട ഘടകം അവിടെ നടക്കുന്ന സ്‌ഫോടനങ്ങളാണ്. സ്‌ഫോടനത്തിന്റെ ആഘാതം ചുറ്റുപാടുമുള്ള മേഖലകളിലേക്കു പടരുകയും മണ്ണിന്റെ ബലക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ പരിശോധന അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page