മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തിനിർഭരമായ റാസ ഇന്ന്

മണർകാട് :​​ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളി​നോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരമായ റാസ ഇന്ന് നടക്കും. ഉച്ച നമസ്ക്കാരത്തെത്തുടർന്ന് 12ന് റാസയ്ക്കുള്ള മുത്തുക്കുടകൾ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദീകരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം കത്തീഡ്രലിൽനിന്ന് റാസ പുറപ്പെടും.

കത്തീഡ‍്രലി​ന്റെ പ്രധാന മദ്ബഹായിൽ സ്ഥാപിച്ചിരിക്കുന്ന മാതാവി​ന്റെയും ഉണ്ണിയേശുവി​ന്റെയും ഛായചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ നാളെ 11.30ന് നടക്കുന്ന ഉച്ചനമസ്കാരത്തെത്തുടർന്നാണ് നടതുറക്കൽ ശുശ്രൂഷ നടക്കുക. സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14ന് സന്ധ്യാപ്രാർഥനയെതുടർന്ന് നട അടയ്ക്കും.

മണർകാട് ഇന്ന്

കരോട്ടെപള്ളിയിൽ രാവിലെ ആറിന് കുർബാന. കത്തീഡ്രലിൽ 7.30ന് പ്രഭാത പ്രാർഥന. 8.30ന് അഞ്ചിന്മേൽ കുർബാന- കൊച്ചി ഭദ്രാസനാധിപനും മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ ജോസഫ് മോർ ​ഗ്രീ​ഗോറിയോസി​ന്റെ പ്രധാന കാർമ്മികത്വത്തിൽ. 11.30 ഉച്ചനമസ്കാരം. 12ന് റാസയ്ക്കുള്ള മുത്തുക്കുട വിതരണം. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള റാസ. അഞ്ചിന് സന്ധ്യാപ്രാർഥന.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page