പമ്പാവാലിയെ കടുവാ സാങ്കേതത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വിവരാവകാശ മറുപടി
പമ്പാവാലിയെ കടുവാ സാങ്കേതത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വിവരാവകാശ മറുപടി….
കണമല : കഴിഞ്ഞയിടെ സർക്കാർ പട്ടയമേള നടത്തി പട്ടയങ്ങൾ നൽകിയ ജനവാസ പ്രദേശങ്ങളായ പമ്പാവാലി, ഏയ്ഞ്ചൽവാലി വാർഡുകൾ ഇപ്പോഴും പെരിയാർ കടുവാ സങ്കേതത്തിന്റെ നിയമ പരിധിയിലാണെന്ന് വെളിപ്പെടുത്തി വനം വകുപ്പിൽ നിന്നുള്ള രേഖ പുറത്ത്. പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രത്തിന് ഇതുവരെയും സംസ്ഥാന സർക്കാർ ശിപാർശ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. ഏയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ഇക്കഴിഞ്ഞ മൂന്നിന് വനം വന്യജീവി വകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ നിന്നും നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പെരിയാർ ടൈഗർ റിസർവിൽ നിന്ന് പ്രദേശത്തെ ഒഴിവാക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്ന്
ഈ വർഷം ജനുവരി 19 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത വന്യജീവി ബോർഡിന്റെ ഉന്നത തല യോഗത്തിൽ പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇത് സംബന്ധിച്ച് ശുപാർശ കേന്ദ്രത്തിലേക്ക് നൽകുമെന്നും അന്ന് അറിയിച്ചിരുന്നു. എന്നാൽ ആറ് മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് സംസ്ഥാന വനം വന്യ ജീവി വകുപ്പ് തനിക്ക് നൽകിയ മറുപടിയിൽ അറിയിച്ചിരിക്കുന്നതെന്ന് മാത്യു ജോസഫ് പറഞ്ഞു.
പമ്പാവാലിയിലെ ജനകീയ സമിതി ഭാരവാഹികൾ കേന്ദ്ര വനം – പരിസ്ഥിതി വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയപ്പോൾ സംസ്ഥാന സർക്കാർ അനുകൂല റിപ്പോർട്ട് നൽകിയാൽ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പം 2011 ൽ ഏർപ്പെടുത്തിയ പ്രത്യേക ബഫർ സോൺ പരിധിയിൽ നിന്നും പ്രദേശങ്ങളെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാണ്. എന്നാൽ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള പ്രപ്പോസൽ ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നുമാണ് വാർഡ് അംഗത്തിന് ലഭിച്ച മറുപടിയിൽ അറിയിച്ചിരിക്കുന്നത്.(credit.newserumely)