തീക്കോയി മാർമല അരുവിയിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും
തീക്കോയി മാർമല അരുവിയിൽ
സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും
കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രമായ മാർമല അരുവിയിൽ വിനോദസഞ്ചാരവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് കെ. സി. ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
മാർമലയിൽ എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് 79.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിക്കും. അരുവി സന്ദർശിക്കുന്നവർക്ക് പ്രവേശന പാസും രജിസ്ട്രേഷനും ഏർപ്പെടുത്തും. സന്ദർശന സമയം രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു മണി വരെയായി ചുരുക്കും. രണ്ടു ഹരിത ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും. സന്ദർശകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം നിർമിക്കും. കൂടുതൽ മുന്നറിയിപ്പ് ബോർഡുകളും മാലിന്യനിർമാർജന സൗകര്യങ്ങളും സ്ഥാപിക്കുകയും സന്ദർശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സുരക്ഷാജീവനക്കാരെ നിയമിക്കുകയും ചെയ്യും. മൂന്ന് മാസത്തിനുള്ളിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനം എടുത്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മാജി തോമസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി. മുരുകൻ, അമ്മിണി തോമസ്, പി. എസ്. രതീഷ് ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വി. വി. വിഷ്ണു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി. സഞ്ജു, ആനന്ദ് എം രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. സുമഭായി അമ്മ, അക്കൗണ്ടന്റ് തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.