കോട്ടയത്ത് ബാങ്ക് ജപ്തിഭീഷണിയെ തുടര്‍ന്ന് വയോധികന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്.ഫെഡറൽ ബാങ്കിൽ നിന്ന് ​ഗോപാലകൃഷ്ണൻ ഭവന നിർമ്മാണ വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. വായ്പ കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യമാണ് ​ഗോപാലകൃഷ്ണനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.ബാങ്ക് അധികൃതർ തിങ്കളാഴ്ച്ച വീട്ടിലെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണൻ 10 ലക്ഷം രൂപയാണ് 2018 ൽ ഭവന വായ്പ എടുത്തത്. കോവിഡ് സമയത്തായിരുന്നു വായ്പയെടുത്തിരുന്നത്. എന്നാൽ കോവിഡ് മൂലം വായ്പ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. 10 ലക്ഷം  രൂപ പലിശ ഉൾപ്പെടെ 14 ലക്ഷം രൂപയോളം ആയിരുന്നു. ഇത് തിരിച്ചടക്കാൻ ​ഗോപാലകൃഷ്ണന് കഴിഞ്ഞിരുന്നില്ല. എന്നാൽ വായ്പയിലേക്ക് ഒരു ലക്ഷം രൂപ അടച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഭിന്നശേഷിക്കാരിയായ മകളുള്ളയാളാണ് ഗോപാലകൃഷ്ണൻ. വീട് ജപ്തി ചെയ്താൽ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കുടുംബക്കാർ പറയുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page