പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വനാതിർത്തി മേഖലകളിൽ പൂർണ്ണമായും സുരക്ഷിതത്വവേലികൾ ഒരുക്കും 

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വനാതിർത്തി മേഖലകളിൽ പൂർണ്ണമായും സുരക്ഷിതത്വവേലികൾ ഒരുക്കും

എരുമേലി : പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയോജകമണ്ഡല പരിധിയിൽ ജനവാസ മേഖലകളുമായി വനാതിർത്തി പങ്കിടുന്ന ഏകദേശം 30 കിലോമീറ്റർ ദൂരം പൂർണമായും വിവിധ സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിൽ വനാതിർത്തികളിൽ 6 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് സൗരവേലി നിലവിലുള്ളത്. ഇതിൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ സമീപനാളിൽ നിർമ്മിച്ചത് ഒഴികെ മിക്ക സ്ഥലങ്ങളിലും സൗരവേലികൾ തകരാറിലുമാണ്. ഇതുമൂലമാണ് വന്യമൃഗങ്ങൾ കൂടുതലായി നാട്ടിൽ പ്രവേശിക്കുകയും ജീവനും, സ്വത്തിനും നാശം വരുത്തുകയും ചെയ്യുന്നത്. ഈ വിഷയം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തും. വനാതിർത്തികളിൽ പൂർണമായും സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും, തീരുമാനങ്ങൾ എടുത്ത് പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടി ജൂൺ 24-)o തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ജനപ്രതിനിധികളുടെയും , വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേരും. വനം വകുപ്പ് അധികൃതരെ കൂടാതെ ജനവാസ മേഖലകളുമായി വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വന്യമൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകളുടെയും, നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ വനാതിർത്തികളിൽ പൂർണമായും സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള വിശദമായ കർമ്മപദ്ധതി തയ്യാറാക്കും. ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. സൗരവേലി, ഹാങ്ങിങ് ഫെൻസ്, ജൈവവേലി, കിടങ്ങുകൾ, തുടങ്ങി എല്ലാവിധ പ്രതിരോധ സംവിധാനങ്ങളും പരിഗണിക്കുമെന്നും എംഎൽഎ അറിയിച്ചു. ഇതിനായി വനം വകുപ്പ് ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട്, എംഎൽഎ ഫണ്ട്, നബാർഡ് പദ്ധതി എന്നീ ഫണ്ട് സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനവാസ മേഖലകളിൽ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീരണങ്ങൾ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page