ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ പുത്തൻപാലത്ത് കോയിക്കൽ കുഴിയിൽ വീട്ടിൽ അരുൺ എം (30) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് എസ്.ടി പ്രമോട്ടർമാരെ മറ്റും കബളിപ്പിക്കുകയും യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു. ഇയാൾ ഇത്തരത്തിൽ കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവിൽ നിന്നും ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽക്ലർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാഞ്ഞതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ് കാഷ്വാലിറ്റി, ഷെഡ്യൂൾഡ് ട്രൈബ് സേവന കേന്ദ്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറുടെ വ്യാജ ഐ.ഡി കാർഡും, ഓഫീസ് സീലും, യൂണിഫോമും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാൾ 2016-17 കാലയളവില്‍ ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും 6 ലക്ഷം രൂപ തട്ടിയെടുത്ത കേസ് നിലവിലുണ്ട്. ഇതുകൂടാതെ പുനലൂർ നരസിംഹ സ്വാമി ക്ഷേത്രട്രസ്റ്റിന്റെ പേരിൽ വ്യാജ ലെറ്റർ പാഡും,സീലും നിർമ്മിച്ച് വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിച്ച കേസും, ഇതിനു പുറമേ തിരുവനന്തപുരം പേട്ടയിൽ 2020 -ൽ ആന ചികിത്സകൻ എന്ന വ്യാജേന ആൾമാറാട്ടം നടത്തി കബളിപ്പിച്ച കേസും നിലവിലുണ്ട്. ഇയാൾ ഹെൽത്ത് ഇൻസ്പെക്ടർ ആണെന്ന വ്യാജേനെ കൂടുതൽ പേരെ കബളിപ്പിച്ച് പണം കവർന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാരായ പ്രദീപ് ലാൽ,മനോജ് പി.പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page