എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും
എരുമേലി : എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.സ്വതന്ത്രന്റെ പിന്തുണയോട് കൂടി ഭരണം പിടിക്കാനാണ് യുഡിഎഫിന്റെ പദ്ധതി. നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമം എൽഡിഎഫ് തുടരുന്നുണ്ട്.എരുമേലിയുടെ പൊതു സ്വഭാവം വെച്ച് എന്തും സംഭവിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
കോൺഗ്രസിന് കോൺഗ്രസ് തന്നെ പാരയാകുമോയെന്നത് കണ്ടറിയണം . മുമ്പ് സംഭവിച്ച പോലെ അട്ടിമറിയും കാലുമാറ്റവും ഇത്തവണ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് യു ഡി എഫ് നീക്കം നടത്തുന്നത്. 23 അംഗ ഭരണസമിതിയിൽ സ്വതന്ത്രന്റെ പിന്തുണയോടെ ഭൂരിപക്ഷമായി 12 അംഗങ്ങൾ ആണ് യു ഡി എഫ് പക്ഷത്തുള്ളത്.എൽഡിഎഫി ൽ സിപിഎം -10, സിപിഐ – ഒന്ന് എന്നിങ്ങനെ 11 ആണ് അംഗബലം. ഇന്ന് രാവിലെ 11 ന് പ്രസിഡന്റിനെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. വരണാധികാരിയായി കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. യു ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഒൻപതു മണിക്ക് ചേരുന്ന യോഗം തീരുമാനിക്കും