വ്യാജ ലെറ്റർ തയ്യാറാക്കി ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി :പട്ടികജാതി-വർഗ്ഗ വികസന ഫെഡറേഷന്റെ കോട്ടയത്തുള്ള ഓഫീസിന്റെ പേരിൽ വ്യാജ ലെറ്റർ തയ്യാറാക്കി ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ശ്രീനിപുരം ഭാഗത്ത് വഴിപറമ്പിൽ വീട്ടിൽ ബിജുമോൻ വി.കെ (47) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഗൃഹനാഥന്റെ മകളുടെ വിവാഹത്തിന് പട്ടികജാതി വികസന വകുപ്പിൽ നിന്നും ധനസഹായം ലഭിക്കുമെന്ന് മുൻപ് SC പ്രമോട്ടർ ആയി ജോലി ചെയ്തിരുന്ന ബിജുമോൻ ഗൃഹനാഥനോട് പറയുകയും അതുപ്രകാരം ബിജു തയ്യാറാക്കി നൽകിയ ബില്ലുമായി ഓഫീസിൽ എത്തുകയും അപേക്ഷ നൽകുകയും ചെയ്തു.
ഇത് പ്രകാരം ഒരാഴ്ചക്ക് ശേഷം പട്ടികജാതി വികസന വകുപ്പിൽ നിന്നും 75,000 രൂപ ലഭിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം പട്ടികജാതി വർഗ്ഗ സഹകരണ ഫെഡറേഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ നിന്നും ഗൃഹനാഥന് ഒരു കത്ത് ലഭിക്കുകയും അതിൽ പെൺകുട്ടികളുടെ വിവാഹത്തിന് അധിക ധനസഹായം ലഭിക്കുന്നതാണെന്ന് കാണുകയും ചെയ്തതിനെത്തുടർന്ന്, ഗൃഹനാഥൻ കത്തുമായി ബിജുവിനെ വീണ്ടും സമീപിക്കുകയും ചെയ്തു. ആ പൈസ ലഭിക്കുന്നതിന് വേണ്ടി 8000 രൂപ തന്നാൽ ഞാൻ ജി.എസ്.ടി ബിൽ തയ്യാറാക്കി തരാമെന്ന് ബിജു പറഞ്ഞതിനനുസരിച്ച് 4000 രൂപ ഗൃഹനാഥൻ നൽകുകയും ചെയ്തു. തുടർന്ന് ബിജു തയ്യാറാക്കി നൽകിയ ബില്ലുമായി ഗൃഹനാഥൻ കോട്ടയത്ത് എത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഓഫീസ് നിലവിലില്ല എന്ന് മനസ്സിലാവുകയും, തുടർന്ന് തിരികെ എരുമേലിയിൽ എത്തി ജി.എസ്.ടി ബിൽ തന്ന കടയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു കട എരുമേലിയിൽ ഇല്ല എന്ന് മനസ്സിലാവുകയും ചെയ്തു.
ബിജു വ്യാജ വിലാസത്തിൽ നിന്നും കത്തയച്ച് തന്നെ കബളിപ്പിച്ചതാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി വി, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൾ അസീസ്, എ.എസ്.ഐ രാജേഷ്, സി.പി. ഓ ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.