കോട്ടയം ജില്ലയിലെ 87 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം
87 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
വാർഷിക പദ്ധതികൾക്ക് അംഗീകാരം
-മാർച്ചിൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് അംഗീകാരം
– പദ്ധതി നിർവഹണത്തിന് കൂടുതൽ സമയം ലഭിക്കും
കോട്ടയം: ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും നാലു നഗരസഭകളുടെയും 2023-24 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സണുമായ കെ.വി. ബിന്ദു അറിയിച്ചു.
കോട്ടയം, വൈക്കം നഗരസഭകൾ ഒഴികെയുള്ള ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 71 ഗ്രാമപഞ്ചായത്തുകളുടെ 84642.09 ലക്ഷം രൂപയുടെ 9982 പദ്ധതികളും 11 ബ്ലോക്ക്പഞ്ചായത്തുകളുടെ 8412.28 ലക്ഷം രൂപയുടെ 1063 പദ്ധതികളും, നാല് നഗരസഭകളുടെ 5863.55 ലക്ഷം രൂപയുടെ 620 പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ 6870.5 ലക്ഷം രൂപയുടെ 158 പദ്ധതികളും ഉൾപ്പെടെ 87 തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് അംഗീകാരം നൽകിയത്. കോട്ടയം, വൈക്കം നഗരസഭകൾ ജില്ലാ ആസൂത്രണ സമിതി പദ്ധതി സമർപ്പിച്ചിട്ടില്ല.
ജില്ലാ ആസൂത്രണ സമിതിയുടെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയും നിർദ്ദേശങ്ങളും ഇക്കാര്യത്തിൽ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും കൃത്യമായി നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പറഞ്ഞു.
വാർഷിക പദ്ധതിക്ക് സമയബന്ധിതമായി സാമ്പത്തിക വർഷാരംഭത്തിന് മുമ്പായി തന്നെ അംഗീകാരം ലഭിക്കുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർവഹണത്തിന് കൂടുതൽ സമയം ലഭിക്കും. പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സാധിക്കും.