ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാളെ രാവിലെ പതിനൊന്ന് മണിക്ക് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. വൈകിട്ട് മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗൺഹാളിലായിരിക്കും പൊതുദർശനം. ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ മൃതദേഹം സംസ്‌കരിക്കും.

രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻറ് അവസാന നിമിഷം വരെ ചികിത്സയിൽ കഴിഞ്ഞിരുന്നത്
1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഇന്നസെൻറ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെൻറ്, ഡോൺ ബോസ്‌കോ, ശ്രീ സംഗമേശ്വര എൻ.എസ്.എസ് എന്നീ സ്‌ക്കൂളുകളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ മാത്രമാണ് ഇന്നസെൻറ് പഠിച്ചത്. പഠനം നിർത്തിയതിനുശേഷം മദ്രാസിലേയ്ക്ക് പോവുകയും സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി പ്രവർത്തിക്കുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഇന്നസെൻറിൻറെ സിനിമാഭിനയ തുടക്കം. 1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെൻറിൻറെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവൺഗരെയിൽ തീപ്പെട്ടിക്കമ്പനി നടത്തി. ദാവൺഗരെയിൽ നിന്ന് നാട്ടിലെത്തിയ ഇന്നസെൻറ് ബിസിനസുകൾ ചെയ്യുകയും രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. 1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു

1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെൻറിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page