പാലാ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ബോംബ് വച്ച് തകർക്കുമെന്ന് അഞ്ജാതന്‍റെ ഭീഷണി
കോട്ടയം: പാലാ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ബോംബ് വച്ച് തകർക്കുമെന്ന് അഞ്ജാതന്‍റെ ഭീഷണി. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ഊമക്കത്തായാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പാലാ ബസ് സ്റ്റാന്റിലും കോട്ടയം ബസ് സ്റ്റാൻഡിലും പൊലീസ് പ്രാഥമിക പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയോട് ചേർന്ന് നിലത്തുനിന്ന് കത്ത് കിട്ടിയത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുതൽ കോട്ടയം എസ്പി വരെയുള്ളവരെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. രണ്ട് കത്താണ് സ്റ്റാന്റിൽ നിന്ന് ലഭിച്ചത്. ഒന്ന് മറ്റൊന്നിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പായിരുന്നു. 10- 3 -2023 എന്ന തീയതിയാണ് കത്തിൽ നൽകിയിരിക്കുന്നത്.
അതേസമയം, സംഭവം അത്ര ഗൗരവ സ്വഭാവമുള്ളതായി പൊലീസ് കാണുന്നില്ല. എന്നാൽ പാലായിൽ സമീപ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബ് സ്ഫോടക വസ്തുക്കൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ കോട്ടയത്തും പാലായിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.