വീട് ജപ്തി ചെയ്യാൻ ബാങ്കുകാരെത്തിയതിന് പിന്നാലെ ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കി
വൈക്കം: വീട് ജപ്തി ചെയ്യാൻ ബാങ്കുകാരെത്തിയതിന് പിന്നാലെ ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കി. വൈക്കം തോട്ടകം വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിന്റെ ജപ്തി നടപടികൾക്കിടെയാണ് സംഭവം.
വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 2014ൽ കാർത്തികേയൻ സഹകരണ ബാങ്കിൽ നിന്ന് ഏഴുലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. പിന്നീട് ഇത് പുതുക്കി വീണ്ടും തുകയെടുത്തു. എന്നാൽ തിരിച്ചടവ് മുടങ്ങി. ഇതേത്തുടർന്ന് സഹകരണ ബാങ്ക് വീട് ജപ്തി ചെയ്യാൻ നടപടി സ്വീകരിക്കുകയായിരുന്നു.
ജപ്തിക്ക് മുന്നോടിയായി സ്ഥലം അളക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് വീട്ടിലെത്തിയിരുന്നു. ഇവർ മടങ്ങിയതിന് ശേഷമാണ് കാർത്തികേയൻ ആത്മഹത്യ ചെയ്തത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.