യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കോട്ടയം: യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ അജിമോൻ സോമൻ (36) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ വീട്ടിൽ കയറി കമ്പിവടിയും ബിയർ കുപ്പിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഫെബ്രുവരി മാസം ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തുക്കളും ചേർന്ന് പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന ഇവർ ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലക്കടിക്കുകയും കമ്പിവടിയും വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. യുവാവും പ്രതികളും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്നും പിടികൂടുകയുമായിരുന്നു.