കോട്ടയം രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ
കോട്ടയം രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര,
ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക , ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് കോട്ടയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ ചേർന്ന യോഗം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ സാംസ്കാരിക ഉത്സവമെന്ന നിലയിൽ ചലച്ചിത്ര മേളയെ കോട്ടയം നെഞ്ചേറ്റുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സഹകരണ – രജിസ്ട്രേഷൻ വകുപ്പ് വി.എൻ. വാസവൻ , സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ സഹ രക്ഷാധികാരികളായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷനും സംവിധായകനുമായ ജയരാജാണ് ഫെസ്റ്റിവൽ സമിതി ചെയർമാൻ. കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറിയും സംവിധായകനുമായ പ്രദീപ് നായരാണ് ഫെസ്റ്റിവൽ കൺവീനർ.
കേരള ചലച്ചിത്ര അക്കാദമി
കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെ യാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും നിരക്ക്. ഓൺലൈനായും ഓഫ് ലൈനായും രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. സംവിധായകൻ ജയരാജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് , സിനിമ നിർമാതാവ് ജോയ് തോമസ്, ചലച്ചിത്ര അക്കാദമി നിർവാഹക സമിതി അംഗം പ്രകാശ് ശ്രീധർ, സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. ജോഷ്വ, സംവിധായകൻ പ്രദീപ് നായർ എന്നിവർ പ്രസംഗിച്ചു. സംവിധായകൻ ജോഷി മാത്യു, അഡ്വ. വി.ബി. ബിനു, അഡ്വ. കെ. അനിൽ കുമാർ, ബി. ശശികുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിനോദ് ഇല്ലംപള്ളി, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, ഹേന ദേവദാസ്, റോയ് വർഗീസ്, വി. ജയകുമാർ, ജനപ്രതിനിധികൾ, സിനിമ – സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.