കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കോട്ടയം: കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി നോര്‍ബര്‍ട്ട് ജോര്‍ജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോര്‍ബര്‍ട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്‌നേഹ ഓമനക്കുട്ടന്‍ എന്ന യുവതിയെ പാലാ മരിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ച് നോര്‍ബര്‍ട്ടിന്റെ കാര്‍ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോര്‍ബര്‍ട്ട് കാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്‌നേഹ പിന്നീട് പൊലീസില്‍ പരാതി നല്‍കി. ആദ്യ ഘട്ടത്തില്‍ പരാതി പൊലീസ് കാര്യമായെടുത്തില്ലെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു.