എയ്ഞ്ചല്‍വാലിയില്‍ യു ഡി എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് വെള്ളിയാഴ്ച.വി ഡി സതീഷന്‍ പങ്കെടുക്കും
കാഞ്ഞിരപ്പള്ളി : ബഫര്‍ സോണ്‍ വിഷയത്തില്‍ യൂ ഡി എഫ് ജില്ലാ കമ്മറ്റി എയ്ഞ്ചല്‍ വാലിയില്‍ 6 ന് ജനകീയ സദസ്സ് സംഘടിപ്പിക്കും . രാവിലെ 10.30 ന് എയ്ഞ്ചല്‍ വാലി സെന്റ് മേരീസ് സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടക്കുന്ന ജനകീയ സദസ്സില്‍ പ്രതിപക്ഷ നേതാവ് വിഡീ സതീശന്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വനം വകുപ്പിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം വനം മേഖലയില്‍ ഉള്‍പ്പെടുത്തിയ എയ്ഞ്ചല്‍ വാലി, പമ്പാവാലി അടക്കമുള്ള മലയോര മേഖലയിലെ കര്‍ഷകര്‍ക്കുവേണ്ടി ആരംഭിക്കുന്ന അതിശക്തമായ സമര പോരാട്ടങ്ങളുടെ മുന്നോടിയാണ് ജനകീയ സദസ്സ്. ഇടതുപക്ഷ സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്നുണ്ടായിട്ടുള്ള കര്‍ഷക പ്രതി സന്ധിക്കു കാരണം.
ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം വനം മാത്രമായിരുന്നു പരിസ്ഥിതി ലോല പ്രദേശങ്ങള്‍ . എന്നാല്‍ എല്‍ ഡി എഫ് 2018-ല്‍ ഒരു ലക്ഷത്തി പതിനാലായിരം ഏക്കര്‍ കൃഷിഭൂമി പരിസ്ഥിതി ലോലമാക്കുകയും, 2019-ല്‍ വനം മേഖലയോടു ചേര്‍ന്ന ഒരു കിലോമീറ്റര്‍ പ്രദേശം വീണ്ടും പരിസ്ഥിതി ലോലമാക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. ഈ തീരുമാനമാണ് സുപ്രിം കോടതി ബഫര്‍ സോണ്‍ ഉത്തരവ് ആധാരാമാക്കിയത്. ഇതിനെതിരെ വീണ്ടും സര്‍ക്കാര്‍ പരാതി സമര്‍പ്പിച്ചപ്പോള്‍ 3 മാസം സാവകാശം നല്‍കിയെങ്കിലും ഉപഗ്രഹ സര്‍വ്വെ വഴിയും വനം വകുപ്പിന്റെ സര്‍വ്വെ വഴിയും തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടുകള്‍ ചേര്‍ന്നാണ് എഴുപത് വര്‍ഷമായി ജനങ്ങള്‍ അധിവസിക്കുന്ന എയ്ഞ്ചല്‍ വാലിയിലെയും , പമ്പാവാലിയിലെയും സ്ഥലങ്ങള്‍ വനഭൂമിയാക്കി മാറ്റിയത്. ഇതു പ്രകാരം കിണര്‍ കുഴി ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഡി എഫ് ഓയുടെ അനുമതി വേണ്ടിവരും. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിക്ഷേധിച്ച കര്‍ഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സര്‍ക്കാര്‍ എടുത്ത എഴുപതോളം കള്ളക്കേസുകള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂ ഡി എഫ് നേതൃത്വം കൊടുക്കുമെന്ന് ആന്റോ ആന്റണി എം.പി., യൂ ഡി എഫ് ചെയര്‍മാന്‍ ഫില്‍സണ്‍ മാത്യൂസ്, കണ്‍വീനര്‍ സജി മഞ്ഞക്കടുമ്പില്‍ , സെക്രട്ടറി അസീസ് ബഡായില്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി .എ.സലിം, ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി.എ. ഷെമീര്‍ എന്നിവര്‍ അറിയിച്ചു.