പൊൻകുന്നം രണ്ടാം മൈലിൽ അപകടത്തെ തുടർന്ന് ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
പൊൻകുന്നം : രണ്ടാം മൈലിൽ അപകടത്തെ തുടർന്ന് ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. തൊടുപുഴ എഴുമുട്ടം സ്വദേശി കിഴക്കേക്കര വീട്ടിൽ മനോജ് മാത്യു (36) വിനെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. രാവിലെ ഏഴ് മണിയോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്ന് പത്തനംതിട്ടയിലേയ്ക്ക് തുണി കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.പൊൻകുന്നം രണ്ടാം മൈലിലെ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്ന് വടം കെട്ടി ലോറിയുടെ മുൻഭാഗമുയർത്തി നിർത്തിയ ശേഷം സൈഡ് വശം മുറിച്ച് മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ മനോജിനെ പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും വിശദമായ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.