കുട്ടിക്കാനത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
ഇടുക്കി കുട്ടിക്കാനത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഓട്ടത്തിനിടെ വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. വൈകീട്ട് ആറോടെ കുട്ടിക്കാനം- കട്ടപ്പന റോഡിൽ ആശ്രമം പള്ളിക്ക് സമീപമായിരുന്നു സംഭവം. തീപ്പിടിത്തതിൽ വാഹനത്തിന്റെ മുൻവശം പൂർണമായും കത്തി നശിച്ചു.
തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴ വഴി കുട്ടിക്കാനത്തെത്തിയ ഇവർ വാഗമണിലേക്കുള്ള യാത്രയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.