ഇന്നത്തെ എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.ജി. സര്‍വകലാശാലയില്‍ ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് പ്രസവ അവധി അനുവദിക്കും
ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവ അവധി അനുവദിക്കാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിന് സിന്‍ഡിക്കേറ്റ് നിയോഗിച്ച കമ്മീഷന്‍റെ ശുപാര്‍ശകള്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്‍റെ അധ്യക്ഷതയില്‍ ഇന്നലെ(ഡിസംബര്‍ 23) ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവ അവധി അനുവദിക്കാന്‍ ഒരു സര്‍വകലാശാലാ തീരുമാനമെടുക്കുന്നത്.
സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷണല്‍ കോഴ്‌സുകള്‍(നോണ്‍ ടെക്‌നിക്കല്‍) എന്നിവയിലെ 18 വയസു കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് അറുപത് ദിവസത്തെ പ്രസവ അവധി അനുവദിക്കുക. പ്രസവത്തിനു മുന്‍പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍. അനിത, ഡോ. എസ്. ഷാജില ബിവി, ഡോ. ബിജു പുഷ്പന്‍, ഡോ. ജോസ് എന്നിവരടങ്ങിയ കമ്മീഷനാണ് വിദ്യാര്‍ഥികളുടെ പ്രസവാവധി സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്.
അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചുവടെ
♦️ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക.
♦️ഒരു കോഴ്‌സിന്‍റെ കാലയളവില്‍ ഒരു തവണ മാത്രമാണ് ഈ അവധി എടുക്കാന്‍ കഴിയുക.
♦️രജിസ്‌ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷ്ണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് പ്രിന്‍സിപ്പലിനോ പഠനകേന്ദ്രത്തിന്‍റെ മേധാവിക്കോ ഡയറക്ടര്‍ക്കോ അവധി അനുവദിക്കാം.
♦️പ്രസവ ആവധിക്കൊപ്പം മറ്റ് അവധികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
♦️പ്രസവാവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നു ദിവസം മുന്‍പ് അപേക്ഷ നല്‍കണം.
♦️സെമസ്റ്ററിനിടയില്‍ പ്രസവ അവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്‍റെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. ഇതേ പരീക്ഷ അടുത്ത സെമസ്റ്ററില്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സപ്ലിമെന്‍ററിയായി എഴുതാനാകും.
♦️പ്രസവ അവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററില്‍ പഠനം തുടരനാകും.
♦️പ്രസവ അവധിയിലുള്ള വിദ്യാര്‍ഥിനികള്‍ക്ക് പ്രാക്ടിക്കല്‍, ലാബ്, വൈവ പരീക്ഷയില്‍ പങ്കെടുക്കേണ്ട സാഹചര്യത്തില്‍ സ്ഥാപനത്തിന്‍റെ അല്ലെങ്കില്‍ വകുപ്പിന്‍റെ മേധാവി ഇതിനു വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തണം.
(പി.ആര്‍.ഒ./39/1775/2022)
ഗവേഷണത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തും
എം.ജി. സര്‍വകലാശാലയില്‍ ഗവേഷണത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എല്ലാ റിസര്‍ച്ച് ഗൈഡുമാരും ഒരു സീറ്റ് ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒഴിച്ചിടണം. യോഗ്യരായ വിദ്യാര്‍ഥികള്‍ ഇല്ലെങ്കിലും ഒരു വര്‍ഷം വരെ ഒഴിവ് നിലനിര്‍ത്തണം. പിന്നീട് ഡോക്ടറല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
നിലവില്‍ വകുപ്പുകളില്‍ ഗവേഷണത്തിന് ഒഴിവുള്ള സീറ്റുകളില്‍ ഒരെണ്ണം ഈ രീതിയില്‍ സംവരണം ചെയ്യണം. ഒഴിവില്ലാത്ത വകുപ്പുകളില്‍ ഇനി വരുന്ന ആദ്യത്തെ ഒഴിവ് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കായി നീക്കി വയ്ക്കണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു.
(പി.ആര്‍.ഒ./39/1776/2022)