ജില്ലാതല കേരളോത്സവം 10 മുതൽ കോട്ടയത്ത്

ജില്ലാതല കേരളോത്സവം
10 മുതൽ കോട്ടയത്ത്

കോട്ടയം: ജില്ലാ തല കേരളോത്സവം ഡിസംബർ 10 മുതൽ 12 വരെ കോട്ടയത്തു നടക്കും. പത്തിന് രാവിലെ 9.30ന് സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ -രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. 10,11,12 തിയതികളിൽ കലാ, കായിക മത്സരങ്ങൾ നടക്കും. കലാമത്സരങ്ങൾ ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ വേദികളിലും കായിക-ഗെയിംസ് മത്സരങ്ങൾ നാഗമ്പടം മൈതാനം, രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, ചെസ് അക്കാദമി, സി.എം.എസ് കോളജ് ഗ്രൗണ്ട്, ഗാന്ധിനഗർ തോപ്പൻസ് അക്കാദമി എന്നിവിടങ്ങളിലും നടക്കും. 11 ബ്‌ളോക്കുകളിൽ നിന്നും ആറു നഗരസഭകളിൽ നിന്നുമുള്ള മത്സരാർഥികളാണ് ജില്ലാതല കേരളോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
കേരളോത്സവത്തിന്റെ നടത്തിപ്പിനായി ആർട്‌സ്, സ്‌പോർട്‌സ്, രജിസ്‌ട്രേഷൻ, റിസപ്ഷൻ, സ്‌റ്റേജ്, പബ്ലിസിറ്റി, ഫുഡ്, പ്രോഗ്രാം, ഫിനാൻസ് കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്തും യുവജനക്ഷേമബോർഡും ചേർന്നാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജൻ, പി.എസ്. പുഷ്പമണി, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, അഡ്വ.ശുഭേഷ് സുധാകരൻ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രഫ. ടോമിച്ചൻ ജോസഫ്, അജിത രജീഷ്, ഓമന ഗോപാലൻ, ജോൺസൺ പുളിക്കീൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുജോൺ, എ.ഡി.സി. (ജനറൽ) ജി. അനീസ്, സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിനേറ്റർ വി.വി. മാത്യൂം വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ: കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തിൽ ചേർന്ന സംഘാടകസമിതി യോഗം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page