യു ഡിഎഫ് നേതൃത്വത്തിൽ പാറത്തോട് ബ്രാഞ്ചിന് മുമ്പിൽ സഹകാരികളുടെ ധർണ നടത്തി

പാറത്തോട് ബ്രാഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന പ്രഭാത സായാഹ്ന കൗണ്ടർ നിർത്തലാക്കിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡിഎഫ് നേതൃത്വത്തിൽ പാറത്തോട് ബ്രാഞ്ചിന് മുമ്പിൽ സഹകാരികളുടെ ധർണ നടത്തി. 2017 ൽ അന്നത്തെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി മുൻകൈയെടുത്ത് ടൗൺ ബ്രാഞ്ചിൽ ആരംഭിച്ച കൗണ്ടർ ആണ് നിർത്തലാക്കിയത്. രാവിലെ 8 മുതൽ രാത്രി 8 മണി വരെ ബ്രാഞ്ച് പ്രവർത്തിച്ചിരുന്നത് സാധാരണക്കാരായ സഹകാരികൾക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു കോർ ബാങ്കിംഗ് സമ്പ്രദായം ഉള്ള ബാങ്കിന്റെ ഇടക്കുന്നം, വെളിച്ചിയാനി, പാലപ്ര , ബ്രാഞ്ചിലെ ഇടപാടുകാരും രാവിലെയും വൈകുന്നേരവും ഈ ബ്രാഞ്ചിൽ ഇടപാടുകൾ നടത്തിയിരുന്നു. ഭരണസമിതി അംഗങ്ങളും മുൻ അംഗങ്ങളും ഉൾപ്പെടെയുള്ള ചില കേരള കോൺഗ്രസ്, ഇടത് നേതാക്കൾ വമ്പൻ തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയതിനെ തുടർന്നും ബാങ്കിൽ നടന്ന അഴിമതിയും കാരണമായി ബാങ്ക് പ്രതിസന്ധിയിൽ ആവുകയും യുഡിഎഫ് അംഗങ്ങൾ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. തുടർന്ന് ഒരംഗത്തെ അയോഗ്യനാക്കാനുള്ള നടപടികൾ സഹകരണ വകുപ്പ് ആരംഭിച്ചിരുന്നു. ഇക്കാരണത്താൽ ജോണിക്കുട്ടി മഠത്തിനകം ഭരണസമിതിയിൽ നിന്ന് രാജിവച്ചതോടെ എൽഡിഎഫ് ന്യൂനപക്ഷമായി. തുടർന്ന് പ്രസിഡൻറ് ഉൾപ്പെടെയുള്ള എൽ ഡിഎഫ് അംഗങ്ങൾ ബോർഡിൽ നിന്ന് രാജിവച്ചു. ഇടതു നേതാക്കൾ ആയ മൂന്നു പേരെ മാത്രം ഉൾപ്പെടുത്തി ജോയിൻ രജിസ്ട്രാർ നോമിനേറ്റ് ചെയ്ത അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോൾ ഉള്ളത്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കളക്ഷൻ ഏജൻറ് മാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചത് വിവാദമായിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിലും വിവേചനം കാട്ടുന്നതായി ആക്ഷേപം ഉയർന്നു. ചിട്ടിതട്ടിപ്പിലും ഫർണിച്ചർ വായ്പയിലുൾപ്പെടെ നടന്ന അഴിമതിക്ക് കൂട്ടുനിന്ന ഇടത് യൂണിയൻ ഭാരവാഹിയായ ഒരു ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് നിലവിലുള്ള സമിതി കൈക്കൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വായ്പകൾ നൽകുന്നത് ബാങ്ക് നിർത്തിവെച്ചിരിക്കുകയാണ്. അതിനിടയാണ് യാതൊരു ചർച്ചയോ മുന്നറിയിപ്പോ ഇല്ലാതെ പൊതുയോഗത്തിന്റെ അനുമതി വാങ്ങാതെ പാറത്തോട് ബ്രാഞ്ചിലെ മോർണിംഗ് ആൻഡ് ഈവനിംഗ് സിസ്റ്റം നിർത്തലാക്കിയിട്ടുള്ളത്. ഇതിനെതിരെ കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടറിയുടെയും ചുരുക്കം ചില ജീവനക്കാരുടെയും താൽപര്യം മാത്രമാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സംരക്ഷിക്കുന്നത് എന്നും,ബാങ്കിനെ തകർക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്നും അവർ പിന്മാറണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു മണ്ഡലം ചെയർമാൻ ടി എം ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന ധർണ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻ ബാങ്ക് പ്രസിഡൻറ് ജലാൽ പൂതക്കുഴി മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിബി നമ്പൂടാകം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് സൈനുൽ ആബിദീൻ, മറ്റ് നേതാക്കളായ എംസി ഖാൻ ,ജോസഫ് വാരണം, വിപിൻ അറക്കൽ, കെ കെ സുരേന്ദ്രൻ , ബി എ നൗഷാദ്, സിസിലിക്കുട്ടി ജേക്കബ്, റീന മോൾ ഷാമോൻ, മോഹൻദാസ് പഴുമല, ഹാജി പി എം തമ്പിക്കുട്ടി, ഷാഹുൽഹമീദ്, ബെന്നി പാറത്തോട് അബ്ദുൽ കരീം സുബൈർ കുട്ടിയാലി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page